ഘാതകൻ / Ghathakan - കെ ആർ മീര / K R Meera
- sumithajothidas
- Dec 30, 2021
- 1 min read
ഒരുപാട് ആഗ്രഹത്തോടെ വായിക്കാനെടുത്ത കെ ആർ മീരയുടെ ഘാതകൻ എന്ന നോവൽ എനിക്ക് വായനയുടെ ഒരു സംതൃപ്തി തന്നില്ല എന്ന് തന്നെ പറയേണ്ടി വരും . വായന ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് ലളിതമായി പറഞ്ഞു പോകുന്ന വരികൾ ആണ്. വായനക്കിടയിൽ പറഞ്ഞിരിക്കുന്ന ഉള്ളടക്കം മനസിലാവാതെ വീണ്ടും താളുകൾ മറിച് ഒന്നുകൂടി അവ വായിക്കേണ്ടി വരികയും ചെയ്യുന്നത് വായനയുടെ രസം മടിപ്പിക്കും. ഘാതകൻ വായിച്ചു തുടങ്ങിയപ്പോൾ മുതൽ പല ഉള്ളടക്കങ്ങളും പല ആവർത്തി വായിക്കേണ്ടി വരികയും മനസ്സ് മടുപ്പിക്കുകയും ചെയ്തു എന്നുള്ളത് വാസ്തവം . ഒരുവിധം വായിച്ചവസാനിപ്പിച്ചു എന്ന് പറയുന്നതാവും സത്യം.
തന്റെ മനസ്സിലെ കഥ എങ്ങിനെ അവതരിപ്പിക്കണം എന്നുള്ളത് അതെഴുതുന്ന ആളുടെ സ്വാതന്ത്ര്യം ആണ് എന്നാൽ അവർ തങ്ങളുടെ കൃതി പലതരത്തിൽ ഉള്ള വായനക്കാരിലേക്കാണ് എത്തിക്കുന്നത് എന്നത് കൂടി അവർ ചിന്തിക്കേണ്ടിയിരിക്കുന്നു .എല്ലാ വായനക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒന്നായിരിക്കണം തന്റെ കൃതികൾ എന്ന് ചിന്തിച്ചാൽ ഈ പ്രശ്നം അവസാനിക്കും .
ഒരു വധശ്രമത്തിൽ നിന്ന് രക്ഷപെടുന്ന സത്യപ്രിയ എന്ന സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു ഘാതകൻ എന്ന നോവൽ . തന്നെ കൊല്ലാൻ ശ്രമിക്കുന്നത് ആരാണ് എന്നും അതിനുള്ള കാരണം എന്താണ് എന്നും കണ്ടുപിടിക്കാനുള്ള സത്യപ്രിയയുടെ ശ്രമങ്ങൾ ചെന്നെത്തുന്നത് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്ന പലവ്യക്തികളിലേക്കും അവരുടെ ജീവിതങ്ങളിലേക്കുമാണ്. കഥയിലെ ചില സന്ദർഭങ്ങൾ വളരെ മനോഹരവും അത് പോലെ തന്നെ ആകാംഷ നിറക്കുന്നതുമായിരുന്നു . എന്നാൽ ചില സന്ദർഭങ്ങൾ ഒട്ടും തന്നെ മനസിലായില്ല . പ്രത്യേകിച്ച് കഥയുടെ അവസാന ഭാഗങ്ങൾ . അവസാന ഭാഗങ്ങളിൽ സത്യപ്രിയയുടെ അമ്മക്കുണ്ടാകുന്ന മാറ്റങ്ങൾക്കും , അവർ പോയ യാത്രകൾക്കും ഒന്നും തന്നെ വ്യക്തത ഇല്ലായിരുന്നു .
ഈ കഥയിൽ ഒരു "s " കത്തി ഇടയ്ക്കിടയ്ക്ക് പൊങ്ങി വരുന്നുണ്ട് . അതിന്റെ ഉറവിടം, എന്ത് എന്തിന് എന്നുള്ളതിനൊന്നും തന്നെ വ്യകതത എനിക്ക് കിട്ടിയില്ല . അങ്ങിനെ ഒരുപാട് സന്ദർഭങ്ങൾ . നോട്ട് നിരോധനത്തെക്കുറിച്ചുള്ള കാര്യങ്ങൾ അനവസരങ്ങളിൽ പോലും പറഞ്ഞു പോയത് എന്തിനു എന്നും വ്യക്തമായില്ല . കഥാകൃത്തിന് നോട്ട് നിരോധനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഒരുപക്ഷെ തന്റെ കഥാപത്രത്തിലൂടെ പറഞ്ഞു പോയതും ആവാം .എന്നാലും അത് ബോർ ആയി പോയി എന്ന് തന്നെ ഞാൻ പറയും.
ചുരുക്കത്തിൽ ഒരു വായനക്കാരി എന്ന നിലയിൽ ഒട്ടും സന്തോഷം തോന്നാഞ്ഞ ഒരു കൃതി ആയി മാറി ഘാതകൻ.
Comentários