മഹാശ്വേത
- sumithajothidas
- Jul 20, 2021
- 2 min read
ഞാൻ വളരെയധികം ഇഷ്ടപെടുന്ന സുധ മൂർത്തിയുടെ നോവലാണ് മഹാശ്വേത . സുധ മൂർത്തിയുടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത , അതെഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ് . വായിക്കുന്ന ഏതൊരാൾക്കും മനസിലാക്കാൻ സാധിക്കുന്ന അത്ര ലളിതമായ ഭാഷയാണ് അവർ തന്റെ കൃതികളിൽ ഉപയോഗിക്കാറുള്ളത് . അത് പോലെ തന്നെ അവരുടെ കൃതികളുടെ മറ്റൊരു പ്രത്യേകത , വായനക്കാരിൽ ജനിപ്പിക്കുന്ന ശുഭാപ്തിവിശ്വാസവും ആത്മധൈര്യവുമാണ് .
ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സൺ ആയ സുധ മൂർത്തി തനിക്കുണ്ടായ അനുഭവങ്ങളും ജീവിതവുമാണ് കഥകളുടെ രൂപത്തിൽ പലപ്പോഴും തന്റെ പുസ്തകങ്ങളിൽ അവതരിപ്പിക്കുന്നത് . അത്തരത്തിൽ ഒരനുഭവത്തിന്റെ ഭാഗം കൂടി സുധ മൂർത്തി മഹാശ്വേത എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു എന്നുള്ളതും എടുത്തു പറയേണ്ടതാണ് .
സുന്ദരിയും, വളരെയധികം കഴിവുകളും ഉള്ള അനുപമ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് മഹാശ്വേത എന്ന കൃതി . ആദ്യമായി കണ്ടു മുട്ടിയപ്പോൾ തന്നെ പ്രണയം തോന്നിയ വ്യക്തിയെ വിവാഹം കഴിച്ചതിലൂടെ ആണ് അനുപമയുടെ ജീവിതം നരകമായി മാറുന്നത് . ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ അനുപമ ബാല്യകാലം മുതൽ രണ്ടാനമ്മയുടെ കുത്തുവാക്കുകൾ കേട്ടാണ് വളർന്നത് . ഒരു സ്കൂൾ അധ്യാപകൻ ആയ അനുപമയുടെ പിതാവാണെങ്കിൽ പല അവസരങ്ങളിലും നിസ്സഹായനായി മാറുകയാണ് പതിവ് . അതിനാൽ തന്നെ സ്വന്തം കാലിൽ നിൽക്കണം എന്ന സ്വയബോധം ഉണ്ടായിരുന്ന അനുപമ നന്നായി പഠിക്കുകയും , സ്കോളർഷിപ്പുകളുടെ സഹായത്തോടെയും സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം വരെ നേടുകയും ചെയ്തു.
നാടകങ്ങൾ രചിക്കുകയും , സംവിധാനം ചെയ്യുകയും, അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയുന്ന വളരെ ഊർജ്ജസ്വലയും സന്തോഷവതിയും ആയ ഒരു വ്യക്തിയാണ് അനുപമ. അവിചാരിതമായി കണ്ടുമുട്ടിയ ഡോക്ടർ ആനന്ദ് എന്ന വ്യക്തിയോട് അനുപമക്ക് പ്രണയം തോന്നുന്നു . എന്നാൽ സാമ്പത്തികമായി തന്നെക്കാൾ വളരെയധികം ഉയരങ്ങളിൽ നിൽക്കുന്ന ആനന്ദിനെ സ്വന്തമാക്കാൻ തനിക്കു കഴിയില്ല എന്ന ഉത്തമ ബോധ്യം അനുപമക്കുണ്ടായിരുന്നതിനാൽ അവൾ അതിനെ വളരാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല .
എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ അനുപമയോട് പ്രണയം തോന്നിയ ആനന്ദ് , വളരെയധികം യാഥാസ്ഥിക ചിന്തകൾ വെച്ച് പുലർത്തിയിരുന്ന തന്റെ അമ്മയോട് അനുപമയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തറപ്പിച്ചു പറയുന്നു. അനുപമ സുന്ദരി ആയതു കൊണ്ട് മാത്രം വിവാഹത്തിന് ആനന്ദിന്റെ 'അമ്മ സമ്മതിക്കുകയും അവരുടെ ചിലവിൽ വിവാഹം ആർഭാടപൂർവ്വം നടത്തുകയും ചെയ്യുന്നു . വിവാഹ ശേഷം അവരുടെ ജീവിത രീതിക്കൊപ്പം മാറിയ അനുപമ ആനന്ദിനെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു. ഇതിനിടയിൽ ഉയർന്ന വിദ്യാഭ്യാസത്തിനായി ആനന്ദ് ഇംഗ്ലണ്ടിലേക്കു പോവുകയും ലക്ഷ്മി പൂജക്ക് ശേഷം അനുപമയെയും ഇംഗ്ലണ്ടിലേക്കു കൊണ്ട് പോകാം എന്ന് തീരുമാനിക്കുകയും ചെയ്യുന്നു .
ഈ വേളയിൽ ആണ് അനുപമ തനിക്ക് വെളുപ്പുദീനത്തിന്റെ ആരംഭം ഉണ്ടെന്ന് തിരിച്ചറിയുന്നത് . കുറേക്കാലം ആരോടും പറയാതെ അനുപമ തന്റെ അസുഖം മറച്ചു വെച്ചു എങ്കിലും , ആനന്ദിന്റെ അമ്മയും സഹോദരിയും അത് കണ്ടു പിടിക്കുകയും ആദ്യം തന്നെ അവർക്കു ഇഷ്ടമില്ലാതിരുന്ന അനുപമയെ ഒഴിവാക്കാനായി തങ്ങൾക്കു കിട്ടിയ അവസരം ആയി അതിനെ കാണുകയും , അവളെ സ്വഗൃഹത്തിലേക്കു പറഞ്ഞു വിടുകയും ചെയ്യുന്നു .
നിത്യവൃത്തിക്ക് തന്നെ പാട് പെട്ടിരുന്നതിനാൽ അനുപമയുടെ വരവ് രണ്ടാനമ്മക്കു ഒട്ടു സ്വീകാര്യമായിരുന്നില്ല. അവരുടെ കുത്തു വാക്കുകളും പരിഹാസവും കൂടാതെ നാട്ടുകാരും അനുപമയെ അകറ്റി നിർത്തുവാൻ തുടങ്ങിയതോടെ മുംബൈയിൽ താമസിക്കുന്ന തന്റെ സുഹൃത്തായ സുമിത്രയുടെ അടുത്തേക്ക് അവൾ പോകുന്നു. ഇതിനിടക്ക് തന്റെ അവസ്ഥ പറഞ്ഞു കൊണ്ട് പലവട്ടം ആനന്ദിന് കത്തെഴുതിയെങ്കിലും ആനന്ദിൽ നിന്ന് ഒരു മറുപടി പോലും അനുപമക്ക് ലഭിച്ചില്ല. കൂടാതെ ആനന്ദിന്റെ 'അമ്മ അയാൾക്ക് വേറെ ബന്ധം ആലോചിക്കുന്നതായും അനുപമ അറിയുന്നു.
എല്ലാ അർത്ഥത്തിലും തകർന്നു പോയ അനുപമക്ക് ജീവിതത്തിലേക്കുള്ള പിടിവള്ളി ആയിരുന്നു സുമിത്രയുടെ കൂടെ ഉള്ള താമസവും അവളുടെ ഭർത്താവ് ശെരിയാക്കി കൊടുത്ത ജോലിയും. ഇതിനിടക്ക് അവളുടെ ജീവിതത്തിലേക്ക് സത്യ എന്നും വസന്ത് എന്നും പേരുള്ള രണ്ടു ഡോക്ടർമാർ കൂടികടന്നു വരുന്നു. സുമിത്രയുടെ ഭർത്താവിൽ നിന്ന് മോശമായ അനുഭവം ഉണ്ടായ അനുപമ തന്റെ മറ്റൊരു സുഹൃത്തായ ഡോളിയുടെ വീട്ടിലേക്കു താമസം മാറ്റുന്നു.
ഡോളി വിവാഹം കഴിഞ്ഞു പോയപ്പോൾ ആ വീട് അനുപമക്ക് താമസിക്കാനായി അവർ വിട്ടു കൊടുക്കുകയും അതിലുപരി അനുപമക്ക് ഒരു കോളേജിൽ ലെക്ചർർ ആയി ജോലി ലഭിക്കുകയും ചെയ്യുന്നു. ജീവിതം ഈ വിധത്തിൽ സന്തോഷത്തോടെ പോകുമ്പോഴാണ് , ആനന്ദിന്റെ തിരിച്ചു വരവ്. എല്ലാ അർത്ഥത്തിലും സ്വതന്ത്ര ആയിരുന്ന അനുപമ ഒരിക്കൽ നിഷ്കരുണം തന്നെ തള്ളി കളഞ്ഞ ആനന്ദിന്റെ ജീവിതത്തിലേക്ക് മടങ്ങി ചെല്ലാൻ വിസമ്മതിക്കുന്നു .
കൂടാതെ വസന്ത് അനുപമയോട് തന്റെ പ്രണയം തുറന്നു പറഞ്ഞു എങ്കിലും , സ്നേഹപൂർവ്വം അനുപമ അതും നിരസിക്കുകയായിരുന്നു. ദിനം തോറും തന്റെ ദേഹത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വെളുത്തപാടുകൾ ഒരിക്കലും ആർക്കും ഒരു ബാധ്യത ആവരുത് എന്ന് അവൾ സ്വയം തീരുമാനിച്ചിരുന്നു.
നാം അറിയാതെ നമ്മുക്ക് ചുറ്റും ഒരുപാടു പേർ ശരീരത്തിൽ വീഴുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന പാടുകളുടെ പേരിൽ കുടുംബത്തിനകത്തും പുറത്തും ഒറ്റപെട്ടു പോകുന്നുണ്ട് എന്നുള്ള ഒരു വാസ്തവം ഈ കഥ നമ്മുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. കഥയിൽ അനുപമ എന്ന കഥാപാത്രത്തിന് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ടായിരുന്നു എന്നാൽ അതിനു ശേഷിയില്ലാത്ത എത്രയോ പേർ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ഒറ്റപെട്ടു പോയിട്ടുണ്ടാകാം എന്ന ചിന്തയും ഈ കഥ നമ്മുടെ ഉള്ളിൽ നിറക്കുന്നു.
മനോഹരമായ ഒരു സന്ദേശം തന്ന ഈ പുസ്തകം എന്നും ഒരു മുതൽക്കൂട്ടാണ് .
コメント